'സച്ചിനേവ ജയതേ'- സച്ചിന്‍ രമേശ് തെണ്ടുല്‍കര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ ദിവസം ഒരു മലയാള ദിനപത്രം പുറത്തിറങ്ങിയത് ഈ തലക്കെട്ടോടെ ആയിരുന്നു. ഒന്നാം പേജില്‍ സച്ചിന്‍ മാത്രം. ആ ദിവസം ഇന്ത്യയിലെ ഒട്ടു മിക്ക പത്രങ്ങളും പുറത്തിറങ്ങിയത് ഈ തരത്തിലാകാനെ വഴിയുള്ളൂ. കാരണം ഇന്ത്യക്കാര്‍ക്ക് സച്ചിന്‍ അത്രമേല്‍ പ്രിയപ്പെട്ടതാണ്. മഹാത്മാഗാന്ധിയെ രാഷ്ട്രത്തിന്റെ പിതാവായി കാണുന്ന ജനങ്ങള്‍ സച്ചിനെയാണ് രാഷ്ട്രത്തിന്റെ മകനായി കാണുന്നത്. ഓരോ ഇന്ത്യക്കാരനും തങ്ങളുടെ സ്വന്തമായി കാണുന്ന ഒരേയൊരു സച്ചിന്‍.
സച്ചിന്‍ തെണ്ടുല്‍കര്‍- ആ പേര് മാത്രം മതി, ലോകമെമ്പാടുമുള്ള ബൌളര്‍മാരെ ഭയച്ചകിതരാക്കാന്‍. അവരില്‍ ഒരു പേടിസ്വപ്നമായി സച്ചിന്‍ നിറഞ്ഞാടാന്‍തുടങ്ങിയിട്ട് ഇരുപതു വര്‍ഷം പൂര്‍ത്തിയാകുന്നു. 1989 ഇല്‍ പാകിസ്ഥാനെതിരെ കറാച്ചിയില്‍ കളിക്കാനിരങ്ങുംപോഴുള്ള അതെ ആവേശവും ഊര്‍ജ്ജവും ഇന്നും സച്ചിനില്‍ നിലനില്‍ക്കുന്നു. അന്നത്തെ ആ നാണം കുണുങ്ങി പയ്യന്റെ പേരിലാണ് ഇന്ന് ക്രിക്കറ്റിലെ ബാറ്റിംഗ് റെക്കോര്‍ഡ് മിക്കതും. സച്ചിന്റെ പേരിലുള്ള റെക്കോര്‍ഡ് എല്ലാം എഴുതാനാണെങ്കില്‍ അതിനു വേണ്ടി മാത്രം രണ്ടോ മൂന്നോ പേജുകള്‍ വേണ്ടി വന്നേക്കാം.
1983 ലോകകപ്പ് വിജയത്തിന് ശേഷമാണ് ക്രിക്കറ്റ് ഇന്ത്യയില്‍ ഒരു ആവേശമായി പടര്‍ന്നു കയറിയതെങ്കില്‍, അതിനെ ഒരു മതമാക്കി വളര്‍ത്തിയത് സച്ചിനാണ്. അതുകൊണ്ടാണല്ലോ 'ക്രിക്കറ്റ് ഞങ്ങളുടെ മതമാണ്, സച്ചിന്‍ ദൈവവും' എന്നിങ്ങനെയുള്ള ബാനറുകള്‍ പലപ്പോഴും ഗാലറികളില്‍ കാണാന്‍ കഴിയുന്നതും. ഇന്ത്യന്‍ ക്രിക്കറ്റ് എന്നാല്‍ സച്ചിന്‍ തെണ്ടുല്‍കര്‍ എന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. കാരണം ഇന്ത്യന്‍ ക്രിക്കറ്റ് അത്രമേല്‍ സച്ചിനോട് കടപ്പെട്ടിരിക്കുന്നു. മറ്റാര്‍ക്കും സ്വപ്നം കാണാന്‍ പോലുമാകാത്ത ഇത്രയധികം നേട്ടങ്ങള്‍ സ്വന്തമായി ഉണ്ടായിട്ടും ഒരിക്കല്‍പോലും തന്റെ നേട്ടത്തില്‍ സച്ചിന്‍ അഹങ്കരിക്കുന്നില്ല. അവയെല്ലാം സച്ചിനെ കൂടുതല്‍ വിനയാന്വിതന്‍ ആക്കുന്നതെയുള്ളൂ. അതുതന്നെയാണ് സച്ചിന്റെ യഥാര്‍ത്ഥ മഹത്വവും.
ആധുനിക ക്രിക്കറ്റിലെ ബ്രാഡ്മാന്‍ എന്നാ വിളിപ്പേരുള്ള സച്ചിന്‍ ബ്രാട്മാനെക്കള്‍ മുകളിലാണെന്നു വാദിക്കുന്നവരും ഏറെയുണ്ട്. ഇന്നത്തെപോലെ ഇത്ര സമ്മര്‍ദ്ദവും വ്യത്യസ്ത സാഹചര്യങ്ങളും തുടര്‍ച്ചയായ മത്സരങ്ങളും ഒന്നും ബ്രാഡ്മാന്‍ അഭിമുഖീകരിച്ചിട്ടില്ല എന്നതാണ് അവര്‍ ഉയര്‍ത്തുന്ന വാദഗതി. ഇത് ഒരുപക്ഷെ ശരിയായിരിക്കാം. കാരണം 110 കോടിയിലേറെ ജനങ്ങളുടെ പ്രതീക്ഷകളും ചുമലില്‍ പേറിയാണ് സച്ചിന്‍ ബാറ്റ് ചെയ്യാന്‍ ക്രീസില്‍ ഇറങ്ങുന്നത്. സച്ചിന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ ഇന്ത്യ മറ്റെല്ലാം മറക്കുന്നു. ഒറ്റക്കെട്ടായി സച്ചിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. സച്ചിന്‍ ഔട്ട് ആയാല്‍ T.V ഓഫ് ചെയ്തു പോകുന്നവരുടെ എണ്ണം കോടികളാണ്. അതിന്റെ പകുതി പോലും അംഗങ്ങള്‍ ഇല്ലാത്ത രാഷ്ട്രീയ പാര്‍ടികള്‍ ആണല്ലോ ഇന്ത്യയില്‍ ഭൂരിഭാഗവും!
ഇത്രയൊക്കെ ആയിട്ടും സച്ചിന്‍ ഒരു കാര്യത്തില്‍ ദുഖിതനാണ്. രാജ്യത്തിന് വേണ്ടി ഒരു ലോകകപ്പ് നേടിക്കൊടുക്കാന്‍ സച്ചിനെകൊണ്ട് ഇതുവരെ കഴിഞ്ഞിട്ടില്ല. ലോകകപ്പ് കൂടി നേടിയാല്‍ സച്ചിനെന്ന കളിക്കാരന്‍ അതിന്റെ പൂര്‍ണതയില്‍ എത്തും. ഇതൊരു ശക്തമായ അഭിനിവേശമായി സച്ചിന്റെ ഉള്ളിലുണ്ടാകും. അങ്ങനെ ആണെങ്കില്‍ 1998 ല്‍ ഷാര്‍ജയില്‍ ഓസീസിനെയും 2003 ല്‍ സെന്ച്ചുരിയനില്‍ പാകിസ്താനെയും തകര്‍ത്തു തരിപ്പണമാക്കിയ ആ സംഹാര താണ്ടവം 2011 ല്‍ ഇന്ത്യന്‍ മണ്ണിലും ആവര്‍ത്തിച്ചു കൂടെന്നില്ല. ഓരോ ഇന്ത്യക്കാരനും അതിനു വേണ്ടി കാത്തിരിക്കുന്നു. അതെ സച്ചിന്‍, താങ്കള്‍ക്കത് കഴിയും.
ഇരുപതു വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഏറെ മാറിയിരിക്കുന്നു. മാറ്റമില്ലാത്തത് ഒന്നിന് മാത്രം- സച്ചിന്‍ തെണ്ടുല്‍കര്‍. എല്ലാ വിശേഷനങ്ങള്‍ക്കും ഉപരിയായി നിലകൊള്ളുന്ന ഈ ഇതിഹാസത്തിന്, ഇന്ത്യന്‍ ക്രിക്കറ്റിന്റെ ജീവജലത്തിനു നമോവാകം. അതെ, ആ അനുപമ സുന്ദര ബാറ്റിംഗ് ഒരു പെരുമഴയായി പെയ്തിറങ്ങട്ടെ, കാലങ്ങളോളം...
-അനൂപ് എ.
No comments:
Post a Comment
Note: Only a member of this blog may post a comment.