Jul 19, 2010

മാംസത്തിന്റെ പൂക്കള്‍

സമാധാനം ഉട്ടോപ്യയാണ്
ശാന്തത സമാധാനമെന്ന്
തെറ്റിദ്ധരിച്ച ഒരു തയ്യാറെടുപ്പാണ്..
കലുഷമാം ചിന്തകള്‍
തിരയടിക്കും ഹൃദയച്ചുമരുകള്‍
കൊല്ലാനിരുള്‍ തേടും വെളുത്ത ദേവന്മാര്‍
ആസുര താളം പകല്‍ വെളിച്ചത്തില്‍
വാള്‍ത്തല മിനുക്കുന്നു യവനികക്കപ്പുറാം
നിഷ്കരുണം വേട്ടയാടപ്പെടുന്നു
സ്വകാര്യതയുടെ കാവലാള്‍
തളംകെട്ടിക്കിടക്കുന്ന ചോരയിലെ
ചക്രം പതിപ്പിച്ച പാടെന്ത് ചന്തമെന്നാരോ വിളിച്ചു പറയുന്നു..
നിസ്വാര്‍ത്ഥമതിയുടെ മാറില്‍
വെടികൊണ്ട ദ്വാരം
രതി തടാകതിന്‍ വാതില്‍
തുറക്കുന്നുവെന്നു
വെളുത്ത ദേവന്‍
നിണ നിറത്തിന്
മാറ്റം വന്നിരിക്കുന്നു
വിവിധ ബ്രാന്റുകളുള്ള മദ്യം പോലെ..
യന്ത്ര മുരള്‍ച്ചകള്‍
ഒട്ടിയ വയറിനു മീതെ
വികസനത്തിന്‍ ദിവ്യ തീര്‍ത്ഥം
തളിക്കുന്നു.
ഒഴിഞ്ഞ വയറില്‍ ഒട്ടിച്ചുവച്ച
കൈകാലുകളില്‍ ദീനങ്ങളുടെ
ആഘോഷം...
കുടിയിറക്കപ്പെട്ടവന്റെ
സിരകളില്‍
പ്രകൃതിയുടെ പ്രഹരംകൂടിയായപ്പോള്‍
ഞരമ്പുകളില്‍
അക്രമം പൂക്കുന്നു..

ഭാവി
ചരിത്രത്തിന്റെ ഇരുമ്പ്മറക്കപ്പുറം
സ്വതന്ത്രമാകുന്നു
ഇന്നലെ പെയ്ത മഴയില്‍
കിളിര്ത്തതല്ല സമരത്തിന്‍ നാമ്പുകള്‍
സമരത്തിന്റെ നാമ്പുകളെന്നു
താടിവച്ച കുടിയന്‍ വിളിച്ചു പറയുന്നു
വിമോചനം പ്രസങ്ങിക്കുന്ന
കൊഴുത്ത പെണ്ണുങ്ങളും
അഴിച്ചുപണിയാന്‍ ഒരുംബിട്ടിറങ്ങിയ
മധ്യവര്‍ഗ പൊങ്ങച്ചവും
സമരം
തുരുത്തുകളിലും
ചായക്കോപ്പയിലും
ലിക്കര്‍ ഗ്ലാസ്സിലും ബന്ധിച്ചു
വ്യഭിചരിക്കുന്നു.
സമരം തെരുവിലും പചിലചാര്‍ത്തിലും
നിണതീര്‍ത്ഥം തളിച്ച്
ഉത്സവമാക്കുന്നു ചിലരെങ്കിലും
സമാധാനതിന്‍ വെള്ളരിപ്പ്രാവുകള്‍
ചോരയിറ്റിച്ച്
ചക്രവാളം ചുവപ്പിക്കുന്നു
സ്വപ്‌നങ്ങള്‍ ഞെട്ടിയുണര്‍ത്താന്‍
ശേഷിയില്ലാതെ
അഴുക്കുചാലില്‍ കെട്ടിക്കിടക്കുന്നു
കൊതുകുകള്‍ സമരാര്തികള്‍
തെരുവിലെ പേക്കോലങ്ങള്‍
യാചകന്റെ സ്വപ്നമായുണര്‍ന്നു
നൃത്തം ചെയ്യുന്നു
മൂന്നങ്ങങ്ങളുള്ള ചിന്തകന്റെ വീട്ടില്‍
മൂന്നു രാജ്യങ്ങള്‍ അതിര് തീര്‍ക്കുന്നു
പെണ്ണിന്റെ രാജ്യത്തിന്
സ്വപ്നത്തെക്കാള്‍ അകലം
യാചകന്റെ സ്വപ്നംപോലെ മകന്‍
താന്‍ മാത്രം തനിച്ചെന്നു
താനേ ധരിച്ച ചിന്തകന്‍
കൊതുകുകളെ പക്ഷം ചേര്‍ക്കുന്നു
കുഞ്ഞിന്‍ വിശപ്പുതീര്‍ക്കാന്‍
മേനിയില്‍നിന്നു മാംസമിറത്ത്
ചൂണ്ടയില്‍ കൊരുത്ത്
മീനിനെ സ്വപ്നം കണ്ടിരിക്കുന്നു
'അത്യാഗ്രഹി'യായ ഒരമ്മ
അന്നമില്ലാതെ കുഞ്ഞു കരയുമ്പോഴും
അനുജന്‍ ശവക്കൂമ്പാരത്തിനിടയില്‍
അറ്റ് പോയ കൈ തിരഞ്ഞു തീരുമ്പോഴും
ഋതുക്കളാല്‍ നിരന്തരം നഗ്നമാകുമ്പോഴും
പെങ്ങളുടെ പിളര്‍ന്ന ഗര്‍ഭത്തിന്റെ മുറിവെന്നെ
നോക്കി പുച്ഛത്തോടെ ചിരിക്കുമ്പോഴും
ഒരമ്മ
തിരികെയെത്താത്ത മക്കളെ ക്കാത്ത്
വിശപ്പ്‌ കഴിച്ചു എകയായിരിക്കുമ്പോഴും
ചന്തമാണീയസമാധാന ത്തിനൊരു വല്ലാത്ത ചന്തം
ചന്തമീ ചാപ്പകുത്തപ്പെട്ട ഭീകരവാദം
ചന്തമീ ചിതറിത്തെറിക്കുന്ന മാംസ പൂക്കള്‍
ഇപ്പോഴുമൊരു
വാര്‍ധക്യം നീലാകാശത്തിലെ
കാക്കപ്പൂവിന്‍ സ്വപ്നം പോലെ....

No comments:

Post a Comment

Note: Only a member of this blog may post a comment.